News Detail

നൂറ്റിരണ്ടാമത് ഐപിസി ജനറൽ കൺവെൻഷന്റെ മുന്നോടിയായുള്ള നൂറ്റിരണ്ട്‍ ദിവസ ഉപവാസ പ്രാർത്ഥന നാളെ ആരംഭിക്കും

ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭയുടെ കുമ്പനാട് ഹെബ്രോൻപുരത്തുള്ള സഭാ ആസ്ഥാനത്ത് 2026 ജനുവരി 11 മുതൽ 18 വരെ നടക്കുന്ന നൂറ്റിരണ്ടാം ജനറൽ കൺവെൻഷന്റെ മുന്നോടിയായുള്ള നൂറ്റിരണ്ട്‌ ദിവസം നീണ്ടുനിൽക്കുന്ന ഉപവാസ പ്രാർത്ഥനയോഗങ്ങൾ നാളെ ആരംഭിക്കും. 2025 സെപ്റ്റംബർ മുപ്പത് മുതൽ ആരംഭിക്കുന്ന പ്രാർത്ഥനയോഗങ്ങൾ 2026 ജനുവരി 9 വരെ എല്ലാ ദിവസവും രാവിലെ 9.30 മുതൽ 12.30 വരെ ഹെബ്രോൺപുരത്തുള്ള പ്രയർ ചേംബറിൽ ആയിരിക്കും യോഗങ്ങൾ.

വിവിധ സെഷനുകളിൽ ഐപിസി സഭയുടെ അംഗീകരിക്കപ്പെട്ട 26 സ്റ്റേറ്റുകളിൽ നിന്നും 19 റീജിയനുകളിൽ നിന്നും 5 മിഷൻ സെന്ററുകളിൽ നിന്നുമുള്ള വിവിധ സെന്ററുകളും ലോക്കൽ സഭകളും ആയിരിക്കും യോഗങ്ങൾ നടത്തുന്നത്. കൂടാതെ തിരഞ്ഞെടുക്കപ്പെട്ട സ്റ്റേറ്റ്/റീജിയനുകളിൽ  പല മേഖലകളിലായി പ്രത്യേകം യോഗങ്ങൾ സംഘടിപ്പിക്കും.

കുമ്പനാട് ഹെബ്രോനിൽ നാളെ ഐപിസി ജനറൽ പ്രയർ ബോർഡ് ചെയർമാൻ പാസ്റ്റർ കെ പി കുര്യന്റെ അധ്യക്ഷതയിൽ നടക്കുന്ന പ്രഥമ യോഗത്തിൽ ഐപിസി ജനറൽ പ്രസിഡന്റ് പാസ്റ്റർ ഡോ. റ്റി വൽസൻ എബ്രഹാം ഉത്‌ഘാടനം നിർവഹിക്കും. ഐപിസി ജനറൽ വൈസ് പ്രസിഡന്റ് പാസ്റ്റർ ഡോ. ഫിലിപ്പ് പി തോമസ്, ഐപിസി കേരള സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ സി സി എബ്രഹാം, ജോയിന്റ് സെക്രട്ടറി പാസ്റ്റർ രാജു ആനിക്കാട് എന്നിവർ ദൈവ വചനത്തിൽ നിന്നും ശുശ്രൂഷിക്കും. ഐപിസി ജനറൽ ജോയിന്റ് സെക്രട്ടറി ഡോ. വർക്കി എബ്രഹാം കാച്ചാണം, ജനറൽ ട്രഷറർ ഡോ. ജോൺ ജോസഫ്, സ്റ്റേറ്റ് ട്രഷറർ ജെയിംസ് ജോർജ് എന്നിവർ ആശംസാസന്ദേശങ്ങൾ നൽകും. പാസ്റ്റർ എബ്രാഹാം ചെറിയാൻ (ഷാജി നെടുമ്പുറം) സംഗീത ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

നൂറ്റിരണ്ട്‍ ദിവസമായി വിവിധ സ്ഥലങ്ങളിൽ നടക്കുന്ന യോഗങ്ങളുടെ ക്രമീകരണത്തിന് പാസ്റ്റർ കെ പി കുര്യൻ ചെയർമാനായുള്ള പ്രയർ ബോർഡിൽ ഐപിസി കേരള സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ സി. സി എബ്രഹാം, ഐപിസി മലബാർ കേരള സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ ജോൺ ജോർജ്, ഐപിസി കർണാടക സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ ഡോ. വർഗീസ് ഫിലിപ്പ് എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മിറ്റിയാണ് പ്രവർത്തിക്കുന്നത്.